Friday, January 30, 2026

പരിശുദ്ധാത്മാവിനോട് ഉള്ള പ്രാർത്ഥന..

എല്ലാറ്റിനെയും നവീകരിക്കുന്നവനും വിശുദ്ധീകരിക്കുന്നവനുമായ പരിശുദ്ധാത്മാവേ, എഴുന്നള്ളി വരണമേ. അവിടുന്ന് ഞങ്ങളിൽ നിറഞ്ഞുനിൽക്കുകയും അവിടുത്തെ സ്നേഹത്തിൻറെ കതിരുക ഞങ്ങളിൽ പരത്തുകയും ചെയ്യേണമേ.

നിത്യവും ഞങ്ങളിൽ വസിക്കുന്നവനായ പരിശുദ്ധാത്മാവേ, അനുതാപത്തിൻെറ അരൂപി ഞങ്ങൾക്ക് തരണമേ. പാപത്തിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ അകറ്റണമേ.

എല്ലാ വിജ്ഞാനത്തിൻെറയും, അറിവിൻെറയും ഉറവിടമായ പരിശുദ്ധാത്മാവേ, യേശുവിൻെറ പഠനങ്ങളാൽ ഞങ്ങളെ പ്രബുദ്ധരാക്കമേ. വിശ്വാസത്തിൽ ഉറപ്പിക്കുകയും പ്രത്യാശയിൽ നടത്തുകയും ചെയ്യണമേ.

വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്നവനും ദുഃഖിതരെ ആനന്ദിപ്പക്കുന്നവനുമായ പരിശുദ്ധാത്മാവേ, അവിടുത്തെ സമാശ്വാസത്തിൻെറ ശീതളച്ഛായയിൽ ഞങ്ങളെ നിർത്തണമേ. സ്നേഹത്തിലും വിശുദ്ധിയിലും ഞങ്ങളെ വളർത്തണമേ.

അഗതകളുടെ ആശ്രയവും വരങ്ങളുടെ ദാതാവുമായ പരിശുദ്ധാത്മാവേ, അവിടുത്തെ അനുഗ്രഹത്തിൻെറ സമൃദ്ധിയാൽ ഞങ്ങളുടെ ദാരിദ്ര്യം അകറ്റണമേ. മനസ്സിൻറെ ശൂന്യത മാറ്റി ഹൃദയം ഉജ്വലിപ്പിക്കണമേ.

ഞങ്ങളുടെ മദ്ധൃസ്ഥനും മാർഗവുമായ പരിശുദ്ധാത്മാവേ, ഞങ്ങളുടെ വഴികൾ അങ്ങ് നേരെയാക്കുകയും വഴിതെറ്റിപ്പോയവരെ നേർവഴിക്ക് നയിക്കുകയും ചെയ്യേണമേ. സത്യത്തിലും നീതിയിലും ഞങ്ങളെ നടത്തണമേ.

ഐക്യത്തിൻെറ നിദാനമായ പരിശുദ്ധാത്മാവേ, അകന്നുപോയവരെ അടുപ്പിക്കുകയും ഭിന്നതകൾ അകറ്റുകയും ചെയ്യണമേ. ഞങ്ങളുടെ നെടുവീർപ്പുകളിലും വിലാപങ്ങളിലും ഞങ്ങളെ ആശ്വസിപ്പിക്കേണമേ.

ഞങ്ങളുടെ സമ്മേളനങ്ങളെ അങ്ങു നയിക്കുകയും ഉദ്യമങ്ങളെ വിജയിപ്പിക്കുകയും ചെയ്യേണമേ ആമേൻ.

Thursday, January 8, 2026

ജപമാല ചൊല്ലു അനുഗ്രഹം നേടൂ..

പരിശുദ്ധ അമ്മ വഴി ദൈവത്തോടുള്ള നമ്മുടെ പ്രാര്‍ഥനയാണ് ജപമാലയര്‍പ്പണം. 

അവിടുത്തെ രക്ഷാകരകര്‍മ്മത്തിന്റെ യോഗ്യത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യംവഴി നാം സ്വീകരിക്കുകയാണ് ജപമാലയിലൂടെ..

ജപമാല ചൊല്ലുക എന്നാൽ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖം ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. അമ്മയെ ബഹുമാനിക്കുമ്പോൾ പുത്രനെയാണ് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്.. 

ജപമാല നമുക്ക് വഴിവിളക്കാണ്, ശക്തികേന്ദ്രമാണ്. നിരന്തരം ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി പാപത്തിന്റെയും അന്ധകാരത്തിന്റെയും ശാപത്തിന്റെയും കെടുതികളിൽനിന്നും രക്ഷിക്കപ്പെടും. കണ്ണീരൊഴുക്കി തന്റെ മുമ്പിൽ വിളിച്ചപേക്ഷിക്കുന്ന തന്റെ പ്രിയപ്പെട്ട മക്കൾക്ക് വാരിക്കോരി അനുഗ്രഹങ്ങൾ ചൊരിയുന്നവളാണ് പരിശുദ്ധ അമ്മ.

നന്മനിറഞ്ഞ മറിയമേ, നിനക്കു സ്തുതി. കർത്താവ് നിന്നോടുകൂടെ. സ്ത്രീകളിൽ നീ അനുഗ്രഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗ്രഹീതം! 

ഈ വാക്കുകൾ എന്താണ്..? ദൈവത്തിന്റെ വചനമല്ലേ..?

 വചനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് വചനം നിങ്ങളെ ശുദ്ധീകരിക്കും, വചനം നിങ്ങളെ സ്വതന്ത്രരാക്കും എന്നല്ലേ. നിരന്തരമായി ആവർത്തിക്കപ്പെടുന്ന ഈ വചനങ്ങൾക്ക് വിശുദ്ധീകരിക്കാനും സ്വതന്ത്രരാക്കാനും കഴിയും. എന്നാൽ, ഈ വചനങ്ങൾക്കെതിരെ സാത്താൻ സർവശക്തിയുമെടുത്ത് പൊരുതും. കാരണം, രക്ഷയുടെ ആദ്യ വചനങ്ങളാണത്.. 

ഇന്നു നമ്മൾ പുതിയ പല വെല്ലുവിളികളും നേരിടുന്നുണ്ട്. ജീവിത വെല്ലുവിളികളെ നേരിടാൻ നമുക്കും ജപമാല ചൊല്ലി അനുഗ്രഹം പ്രാപിക്കാം..