Saturday, August 23, 2025

ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ..

ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ 'പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം' (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 'റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍' എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം.

ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതല്‍ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവീകപരമായ ഒരു സംഭവമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”.

മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധാനാ ക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത്‌ പറഞ്ഞ ജനകീയ ഭക്തിയില്‍ പരിശുദ്ധ അമ്മക്ക്, അവളുടെ മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികള്‍ സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഇത് നമുക്ക്‌ കൂടുതലായി വെളിവാക്കി തരുന്നു.

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജനുവരി 1 ആഭ്യന്തര വര്‍ഷത്തിന്റെ തുടക്കം കുറിക്കലാണ്. വിശ്വാസികളും ഈ പുതുവത്സരാഘോഷങ്ങളില്‍ പങ്കുചേരുകയും പരസ്പരം പുതുവത്സരാശംസകള്‍ കൈമാറുകയും ചെയ്യുന്നുണ്ട്. വിശ്വാസികള്‍ സാധാരണഗതിയില്‍ ഈ പുതുവര്‍ഷം ദൈവത്തിന്റെ സംഭാവനയാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും, പുതുവത്സരാശംസകള്‍ നടത്തുമ്പോള്‍ ഈ പുതുവത്സരം ദൈവത്തിന്റെ അധീശത്വത്തില്‍ ഏല്‍പ്പിക്കേണ്ടതാണ്. കാരണം എല്ലാ കാലങ്ങളും, സമയവും അവനുള്ളതാണ് (cf. Ap 1, 8; 22, 13) (128).

ജനുവരി 1ന് വിശ്വാസികള്‍ക്ക്‌ നമ്മുടെ ചിന്തകളേയും, പ്രവര്‍ത്തികളെയും പുതിയ വര്‍ഷം മുഴുവനും നേരായ രീതിയില്‍ നയിക്കുവാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാവുന്നതാണ് (129). സമാധാനപൂര്‍ണ്ണമായ പുതുവര്‍ഷത്തിന്റെ പ്രതീക്ഷയും ഈ ആശംസകളിലൂടെ കൈമാറാവുന്നതാണ്. ഇത് ബൈബിള്‍പരവും, ക്രിസ്തുശാസ്ത്ര സംബന്ധവും, ക്രിസ്തുവിന്റെ അവതാര പരവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്.ചരിത്രത്തിലുടനീളം ‘സമാധാനത്തിന്റെ വിഭിന്നഭാവങ്ങള്‍' ധാരാളം പേര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതായി കാണാം. പ്രത്യേകിച്ചും അക്രമത്തിന്റെയും വിനാശകരമായ യുദ്ധ സമയങ്ങളില്‍.

പരിശുദ്ധ സഭയും സമാധാനത്തിനുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹത്തില്‍ പങ്ക് ചേരുന്നു. 1967 മുതല്‍ ജനുവരി 1 ‘ലോക സമാധാന ദിന’മായി ആചരിച്ചു വരുന്നു. ജനകീയ ഭക്തിക്ക് തീര്‍ച്ചയായും സഭ തുടങ്ങിവെച്ചിരിക്കുന്ന ഈ ശ്രമങ്ങളെ മറക്കുവാന്‍ കഴിയുകയില്ല. സമാധാനത്തിന്റെ പുത്രന്റെ പിറവിയുടെ വെളിച്ചത്തില്‍, ഈ ദിവസം സമാധാനത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും, സമാധാന സംബന്ധിയായ വിദ്യാഭ്യാസം, കൂടാതെ സ്വാതന്ത്ര്യം, പൈതൃകമായ ഐക്യം, മനുഷ്യന്റെ അന്തസ്സ്, പ്രകൃതിയോടുള്ള സ്നേഹം, ജോലി ചെയ്യുവാനുള്ള അവകാശം, മനുഷ്യ ജീവിതത്തിന്റെ വിശുദ്ധി കൂടാതെ മനുഷ്യന്റെ ബോധമണ്ഡലത്തെ ആശയ കുഴപ്പത്തിലാക്കുകയും, സമാധാനത്തിന് ഭീഷണിയാവുകയും ചെയ്തിട്ടുള്ള അനീതിയെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങിയ നന്മകള്‍ക്കായി ഈ ദിവസം നീക്കി വച്ചിരിക്കുന്നു.

Friday, August 22, 2025

ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം.. പാട്ടിൻറെ വരികൾ..

ക്ഷമിക്കുന്ന സ്നേഹം ദൈവീക ഭാവം
നാഥന്‍ കൊതിക്കും സ്വഭാവം
ക്ഷമിക്കുന്ന സ്നേഹം സ്വര്‍ഗ്ഗിയദാനം
മന്നില്‍ സമാധാനമാര്‍ഗ്ഗം

ഏഴേഴെഴുപതെന്നാലും
ഏതേതു ദ്രോഹമെന്നാലും
എന്തും മറന്നൊന്നു ചേരാം നമു-
ക്കീശന്റെ മനസ്സോടു ചേരാം
ഈശന്റെ മനസോടു ചേരാം

ശാപം ചൊരിഞ്ഞിടുവോരില്‍
സ്നേഹം തിരിച്ചൊഴുക്കേണം
ദൈവം പൊറുക്കുന്നപോലെ നമു-
ക്കപരന്റെ പാപം ക്ഷമിക്കാം
അപരന്റെ പാപം ക്ഷമിക്കാം

ക്രൂശില്‍ നാഥനണയ്ക്കും
യാഗം ഫലമണിഞ്ഞീടാന്‍
മാപ്പേകിയോതുന്ന വാക്യം നമു-
ക്കന്യോന്യമേറ്റേറ്റു ചൊല്ലാം
അന്യോന്യമേറ്റേറ്റു ചൊല്ലാം.

Thursday, August 21, 2025

ക്ഷമാശീലനാമെന്നേശുവേ.. പാട്ടിൻറെ വരികൾ..

ക്ഷമാശീലനാമെന്നേശുവേ
ശാന്തശീലനാമെന്നേശുവേ
കഠിനമാമെന്‍ ഹൃദയം തവഹൃദയം
പോലെയാക്കണേ (ക്ഷമ....)

ദ്രോഹങ്ങള്‍ സഹിച്ചു ഞാന്‍ തളര്‍ന്നിടുമ്പോള്‍
കോപത്താലെന്നുള്ളം തിളച്ചിടുമ്പോള്‍
കുരിശില്‍ പിടയും നേരവുമങ്ങേ
അധരം അരുളും വചസ്സുരുവിടുവാന്‍ (ക്ഷമ....)

ത്യാഗങ്ങള്‍ സഹിച്ചു ഞാന്‍ വളര്‍ത്തിയവന്‍
ആഴത്തില്‍ മുറിവേല്പിച്ചകന്നിടുമ്പോള്‍
കരുണാ സ്പര്‍ശം നീയേകിടണേ
സൗഖ്യം തരണേ അലിവൊഴുകിടുവാന്‍ (ക്ഷമ....)

Wednesday, August 20, 2025

ശരീരശുദ്ധിയുടെ ജപം..

കന്യകകളുടെ രാജ്ഞിയായ മറിയമേ, കന്യാവ്രതത്തിന്‌ ഭംഗം വരാതെ ജീവിച്ചവളേ, ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ടവളേ, ഞങ്ങളുടെ ശരീരങ്ങളെ വിശുദ്ധമായി പരിപാലിക്കുവാനും മറ്റുള്ളവരുടെ ശരീരങ്ങളെ ആദരവോടെ നോക്കിക്കാണുവാനുമുള്ള അനുഗ്രഹത്തിനായി അമ്മയുടെ മാധ്യസ്ഥം ഞങ്ങള്‍ യാചിക്കുന്നു. ശരീരമാണ്‌ ഒരുവന്‍റെ വിശുദ്ധിയുടെ അടയാളമെന്ന സത്യം മനസ്സിലാക്കി കൂടുതല്‍ വിശുദ്ധരായി ജീവിക്കുവാനുള്ള വിവേകം ഞങ്ങള്‍ക്കോരോരുത്തര്‍ക്കും അമ്മ നല്‌കിയാലും.

ആമേന്‍.

Friday, August 15, 2025

വിശുദ്ധ എസ്തപ്പാനോസ്..


സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ എസ്തപ്പാനോസ്. വിശ്വാസികളുടെ പ്രത്യേക ആദരത്തിനു പാത്രമായിട്ടുള്ള വിശുദ്ധ എസ്തപ്പാനോസ് ക്രിസ്തുവിന്റെ മരണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷം കല്ലെറിഞ്ഞു കൊല്ലപ്പെടുകയാണ് ഉണ്ടായത്‌. അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ സൂചനകള്‍ പ്രകാരം വിശുദ്ധനെ പിടികൂടിയതും അദ്ദേഹത്തിനെതിരായ ആരോപണമുന്നയിക്കലും ക്രിസ്തുവിന്റെ വിചാരണയോട് സമാനമായിരുന്നെന്ന കാര്യം എടുത്ത്‌ കാണിക്കുന്നു. നഗര മതിലിനു പുറത്തു വച്ച് വിശുദ്ധനെ കല്ലെറിയുകയും, തന്റെ ഗുരുവിനേപോലെ തന്റെ ശത്രുക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് വിശുദ്ധന്‍ മരണം വരിച്ചു.

അപ്പസ്തോലന്‍മാരെ സഹായിക്കുവാനും, അവരുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുവാനും വേണ്ടി മുന്നിട്ടിറങ്ങിയ ഏഴ് പേരില്‍ ഒരാളാണ് വിശുദ്ധ എസ്തപ്പാനോസ്. അദ്ദേഹം വിശ്വാസത്താലും, പരിശുദ്ധാത്മാവിനാലും നിറഞ്ഞ പുണ്യാത്മാവായിരുന്നു. മഹത്വവും ശക്തിയും നിറഞ്ഞവന്‍. അപ്പസ്തോലിക തീക്ഷണതയാലും, ദൈവീക വരങ്ങളാലും അനുഗ്രഹിക്കപ്പെട്ട ദൈവീക മനുഷ്യനായി വിശുദ്ധന്‍ വിളങ്ങുന്നു. ക്രിസ്തുവിന്റെ ആദ്യ സാക്ഷി എന്ന നിലയില്‍ അദ്ദേഹം തന്റെ ശത്രുക്കളെ ധൈര്യപൂര്‍വ്വം നേരിടുകയും ക്രിസ്തുവിന്റെ വാഗ്ദാനം (Mark 13.11) നിറവേറപ്പെടുകയും ചെയ്തു. “എസ്തപ്പാനോസുമായുള്ള തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ ബുദ്ധിയേയും, ജ്ഞാനത്തേയും, അദേഹത്തിന്റെ വാക്കുകളിലെ ആത്മാവിനെയും പ്രതിരോധിക്കുവാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല.”

സ്വന്തം ജീവന്‍ തന്നെ ത്യജിക്കുവാന്‍ തയ്യാറാകും വിധം, ക്രിസ്തുവിനെപ്പോലെ തന്നെ തന്റെ കൊലയാളികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിച്ചവന്‍, എന്നാണ് ആദ്യ രക്തസാക്ഷിയായ വിശുദ്ധ എസ്തപ്പാനോസിനെക്കുറിച്ച് ആരാധന ക്രമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസം വിശുദ്ധന്റെ നാമഹേതു തിരുനാളായി അംഗീകരിച്ചതിലൂടെ തിരുസഭ ഈ ശിക്ഷ്യനും ഗുരുവും തമ്മിലുള്ള സാദൃശ്യത്തെ എടുത്ത് കാണിക്കുകയും വീണ്ടെടുപ്പിന്റെ മിശിഖായായി സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

Thursday, August 14, 2025

കാന്റിയിലെ വിശുദ്ധ ജോണ്‍..

1397-ല്‍ പോളണ്ടിലെ കാന്റി എന്ന പട്ടണത്തിലാണ് ജോണ്‍ കാന്റിയൂസ് ജനിച്ചത്‌. പില്‍ക്കാലത്ത്‌ അദ്ദേഹം ദൈവശാസ്ത്രത്തില്‍ പണ്ഡിതനായി. തുടര്‍ന്ന് പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ പിന്നീട് ക്രാക്കോ സര്‍വകലാശാലയിലെ അധ്യാപകനായി. വിശുദ്ധ സ്ഥലങ്ങളായ പലസ്തീന്‍, റോം തുടങ്ങിയ സ്ഥലങ്ങള്‍ നഗ്നപാദനായി വിശുദ്ധന്‍ സന്ദര്‍ശിക്കുകയുണ്ടായി.

ഒരു ദിവസം കുറെ മോഷ്ടാക്കള്‍ അദ്ദേഹത്തിനുള്ളതെല്ലാം കവര്‍ച്ച ചെയ്തു. ഇനിയും എന്തെങ്കിലും അദ്ദേഹത്തിന്റെ പക്കല്‍ അവശേഷിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ‘ഇല്ല’ എന്ന വിശുദ്ധന്റെ മറുപടി കേട്ടമാത്രയില്‍ തന്നെ മോഷ്ടാക്കള്‍ അവിടം വിട്ടു. അവര്‍ പോയതിനു ശേഷമാണ് കുറച്ചു സ്വര്‍ണ്ണ കഷണങ്ങള്‍ തന്റെ കുപ്പായത്തിനുള്ളില്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള കാര്യം വിശുദ്ധന്‍ ഓര്‍ത്തത്‌. ഉടന്‍ തന്നെ വിശുദ്ധന്‍ ആ മോഷ്ടാക്കളുടെ പുറകെ പോവുകയും അവരെ തടഞ്ഞ് നിര്‍ത്തി ഇതേ കുറിച്ച് അവരോടു പറയുകയും ചെയ്തു. വിശുദ്ധന്റെ ഈ പ്രവര്‍ത്തിയില്‍ സ്ത്ബ്ദരായ മോഷ്ടാക്കള്‍ അദ്ദേഹത്തിന്റെ സത്യസന്ധതയെ പ്രതി ആ സ്വര്‍ണ്ണം മാത്രമല്ല മുന്‍പ്‌ മോഷ്ടിച്ച വസ്തുക്കള്‍ വരെ അദ്ദേഹത്തിന് തിരിച്ചു നല്‍കി.

തന്നേയും, തന്റെ ഭവനത്തിലുള്ളവരേയും തിന്മയുടെ ദൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കുവാനായി വിശുദ്ധന്‍ തന്റെ മുറിയുടെ ഭിത്തികളില്‍ ഇപ്രകാരം എഴുതി ചേര്‍ത്തിരിക്കുന്നു: ‘Conturbare cave, non est placare suave, diffamare cave, nam revocare grave’ അതായത്‌: "കുഴപ്പങ്ങള്‍ക്ക് കാരണമാകാതെയും, മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതിരിക്കുവാനും ശ്രദ്ധിക്കുക, ചെയ്ത തെറ്റിനെ ശരിയാക്കുവാന്‍ വളരേ ബുദ്ധിമുട്ടാണ്".

അയല്‍ക്കാരോടുള്ള വിശുദ്ധന്റെ സ്നേഹം എടുത്തു പറയേണ്ടതാണ്. പല അവസരങ്ങളിലും വിശുദ്ധന്‍ തന്റെ വസ്ത്രങ്ങളും പാദുകങ്ങളും പാവങ്ങള്‍ക്ക് നല്‍കുകയും, താന്‍ നഗ്നപാദനായി നില്‍ക്കുന്നത്‌ മറ്റുള്ളവര്‍ കാണാതിരിക്കുവാന്‍ തന്റെ ളോഹ നിലത്തിഴയു വിധത്തില്‍ താഴ്ത്തി ധരിക്കുകയും ചെയ്തിരുന്നു. തന്റെ അന്ത്യമടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ പക്കല്‍ അവശേഷിച്ചതെല്ലാം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്തു സന്തോഷപൂര്‍വ്വം ദൈവസന്നിധിയിലേക്ക് യാത്രയായ. പോളണ്ടിലെ പ്രധാന മധ്യസ്ഥരില്‍ ഒരാളാണ് വിശുദ്ധ ജോണ്‍.

Tuesday, August 12, 2025

വിശുദ്ധ എമിലിയാനയും വിശുദ്ധ ടര്‍സില്ലയും..



മഹാനായ വിശുദ്ധ ഗ്രിഗറിക്ക് അദ്ദേഹത്തിന്റെപിതാവും പിന്നീട് കത്തോലിക്കാ പുരോഹിതനുമായ ഗോര്‍ഡിയാന്റെ സഹോദരിമാരായ മൂന്ന് അമ്മായിമാര്‍ ഉണ്ടായിരുന്നു. കഠിനവൃതത്തോട് കൂടിയ സന്യാസ സമാനമായ മത-ജീവിതമായിരുന്നു ഇവര്‍ തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ നയിച്ചു വന്നിരുന്നത്. ടര്‍സില്ലാ, എമിലിയാനാ, ഗോര്‍ഡിയാന എന്നായിരുന്നു ഇവരുടെ പേരുകള്‍. ഇവരില്‍ ടര്‍സില്ലയും, എമിലിയാനയും തീക്ഷ്ണമായ ഭക്തിയിലും, കാരുണ്യത്തിലും രക്തബന്ധത്തിനും മേലെയുള്ള ഐക്യത്തിലായിരുന്നു.

അവര്‍ റോമിലെ ക്ലിവസ് സ്കോറി മാര്‍ഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തില്‍ ഒരു ആശ്രമത്തിലെന്നപോലെ ജീവിച്ചു. ഒരാള്‍ മറ്റൊരാളെ നന്മയിലും കാരുണ്യത്തിലും വളരുവാന്‍ പ്രേരിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധമുള്ള ജീവിതം വഴി ആത്മീയ ജീവിതം നയിക്കുകയും ചെയ്തു. ഗോര്‍ഡിയാന അവരോടൊപ്പം ചേര്‍ന്നുവെങ്കിലും നിശബ്ദ-ജീവിതം സഹിക്കുവാന്‍ കഴിയാതെ മറ്റൊരു ദൈവവിളി തിരഞ്ഞെടുത്തു. അവള്‍ അവളുടെ സൂക്ഷിപ്പുകാരനെ വിവാഹം ചെയ്തു. ടര്‍സില്ലയും, എമിലിയാനയും അവര്‍ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗ്ഗം തന്നെ പിന്‍തുടരുകയും, തങ്ങളുടെ വിശുദ്ധിയുടെ പ്രതിഫലം ലഭിക്കുന്നത് വരെ, ദൈവീക സമാധാനവും, ശാന്തിയും അനുഭവിച്ചുകൊണ്ട്‌ ജീവിച്ചു.

വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് വിശുദ്ധ ടര്‍സില്ലയെ അവളുടെ മുത്തച്ഛനും മാര്‍പാപ്പായുമായിരുന്ന വിശുദ്ധ ഫെലിക്സ്-II (III) ഒരു ദര്‍ശനത്തില്‍ സന്ദര്‍ശിക്കുകയും സ്വര്‍ഗ്ഗത്തില്‍ അവള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലം കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു "വരൂ! ഞാന്‍ നിന്നെ പ്രകാശത്തിന്റെ വാസസ്ഥലത്തേക്ക് സ്വീകരിക്കാം." ഉടന്‍ തന്നെ അവള്‍ രോഗബാധിതയായി കിടപ്പിലായി. അവളെ കാണുവാന്‍ അവള്‍ക്ക് ചുറ്റും തടിച്ചുകൂടിയവരോട് അവള്‍ വിളിച്ചു പറഞ്ഞു "മാറി നില്‍ക്കൂ! മാറി നില്‍ക്കൂ! എന്റെ രക്ഷകനായ ക്രിസ്തു വരുന്നുണ്ട്." ഈ വാക്കുകള്‍ക്ക് ശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയില്‍ അവള്‍ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളില്‍ സമര്‍പ്പിച്ചു.

നിരന്തരമായ പ്രാര്‍ത്ഥന മൂലം അവളുടെ കൈ മുട്ടുകളിലേയും, കാല്‍മുട്ടുകളിലേയും തൊലി ഒട്ടകത്തിന്റെ മുതുകുപോലെ പരുക്കന്‍ ആയി തീര്‍ന്നിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവള്‍ എമിലിയാനാക്ക് പ്രത്യക്ഷപ്പെടുകയും വെളിപാട് തിരുന്നാള്‍ സ്വര്‍ഗ്ഗത്തില്‍ ആഘോഷിക്കുവാന്‍ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ എമിലിയാന ജനുവരി 5-നാണ് മരിച്ചത്. രണ്ടുപേരും അവരുടെ മരണ ദിവസം നാമകരണം ചെയ്യപ്പെട്ടു. റോമന്‍ രക്തസാക്ഷി സൂചികയില്‍ ഡിസംബര്‍ 24 ആണ് വിശുദ്ധയുടെ നാമഹേതുതിരുനാള്‍.

Monday, August 11, 2025

വിശുദ്ധ തോമസ്‌ ബെക്കെറ്റ്..



1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ്‌ ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1155-ല്‍ രാജാവായ ഹെന്‍റി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാന്‍സലറും ആയി. പിന്നീട് 1162-ല്‍ വിശുദ്ധന്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും കാരണമായി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1539-ല്‍ ഹെന്രി എട്ടാമന്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കത്തിച്ചുകളയുവാന്‍ ഉത്തരവിട്ടു.

പുരാതന സഭാ രേഖകളില്‍ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്: "മെത്രാന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും, രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഒറ്റികൊടുപ്പ് കാര്‍ വിശുദ്ധനെതിരേ രാജാവിനോട് ഏഷണി പറഞ്ഞു. തന്റെ സമാധാനത്തോടെയുള്ള ജീവിതത്തിനു ഈ പുരോഹിതന്‍ തടസ്സമാണെന്ന് കണ്ട രാജാവിന് വിശുദ്ധനോട് അപ്രീതിയുണ്ടായി. രാജാവിന്റെ അഹിതം മനസ്സിലാക്കിയ ദൈവഭയമില്ലാത്ത ചില രാജസേവകര്‍ വിശുദ്ധനെ വകവരുത്തുവാന്‍ തീരുമാനമെടുത്തു. അവര്‍ വളരെ ഗൂഡമായി കാന്റര്‍ബറിയിലേക്ക് പോയി സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാന്റെമേല്‍ ചാടി വീണു.

വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തോമസ്‌ ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലര്‍ക്കെ തുറന്നു "ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭക്ക് വേണ്ടി സന്തോഷപൂര്‍വ്വം മരണം വരിക്കുന്നതിനു ഞാന്‍ തയ്യാറാണ്." പിന്നീട് അദ്ദേഹം ഭടന്‍മാരോടായി പറഞ്ഞു. "ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആജ്ഞാപിക്കുന്നു, എന്റെ കൂടെയുള്ളവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുത്." അതിനു ശേഷം വിശുദ്ധന്‍ തന്റെ മുട്ടിന്‍മേല്‍ നിന്നു തന്നെ തന്നെയും, തന്റെ ജനത്തേയും ദൈവത്തിനും, പരിശുദ്ധ മറിയത്തിനും, വിശുദ്ധ ഡെനിസിനും, സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥന്‍മാരെയും ഏല്‍പ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. അതിനു ശേഷം രാജാവിന്റെ നിയമങ്ങള്‍ക്കെതിരെ നിന്ന അതേ ധൈര്യത്തോട് കൂടി തന്നെ 1170 ഡിസംബര്‍ 20ന് ദൈവനിന്ദകരുടെ വാളിനു തന്റെ തല കുനിച്ചു കൊടുത്തു.

ദൈവം നമുക്ക് നല്‍കിയിട്ടുള്ള എല്ലാ ശക്തിയും ഉപയോഗിച്ചു സഭയെ തങ്ങളുടെ വരുതിയില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ഏതു ശക്തിക്കെതിരേയും നാം പൊരുതേണ്ടതുണ്ട്. അത് ചിലപ്പോള്‍ നാം സേവനം ചെയ്യുന്നവരായാല്‍ പോലും. തന്റെ കുഞ്ഞാടുകള്‍ക്കായി തന്റെ ജീവന്‍ ബലിനല്‍കിയതിലൂടെ 'സുവിശേഷത്തിലെ നല്ല ഇടയനായിട്ടാണ്' തിരുസഭ അവളുടെ മഹത്വമേറിയ മെത്രാന്‍മാരില്‍ ഒരാളായ കാന്റര്‍ബറിയിലെ വിശുദ്ധ തോമസിനെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്.

Sunday, August 10, 2025

വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പ..



AD314 ജനുവരിയില്‍ മെല്‍ക്കിയാഡ് പാപ്പാ അന്തരിച്ചതോടെയാണ് റോമന്‍ നിവാസിയായിരുന്ന വിശുദ്ധ സില്‍വെസ്റ്ററിനെ സഭയെ നയിക്കുവാന്‍ തിരഞ്ഞെടുത്തത്. തിരുസഭക്ക് അവളുടെ അടിച്ചമര്‍ത്തല്‍ നടത്തുന്നവരുടെ മേല്‍ താല്‍ക്കാലികമായ വിജയം ലഭിച്ച സമയത്താണ് വിശുദ്ധ സില്‍വെസ്റ്റര്‍ പാപ്പാ പദവിയിലെത്തുന്നത്. ഏതാണ്ട് 21 വര്‍ഷത്തോളം അദ്ദേഹം തിരുസഭയെ നയിച്ചു. സഭയില്‍ അച്ചടക്കം കൊണ്ടു വരികയും, നാസ്തികത്വത്തിനെതിരേയുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്ത പാപ്പ നിഖ്യാ സമിതിയില്‍ പങ്കെടുക്കുകയും, ആദ്യത്തെ എക്യുമെനിക്കല്‍ സമിതിയില്‍ തന്റെ പ്രതിനിധികളെ അയക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലത്താണ് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ റോമില്‍ പ്രശസ്തമായ പല ദേവാലയങ്ങളും സ്ഥാപിതമായത്. ബസലിക്കയും അതിന്റെ ജ്ഞാനസ്നാന പീഠവും, സെസ്സോറിയന്‍ കൊട്ടാരത്തിലെ ബസലിക്ക (Santa Croce), വത്തിക്കാനിലെ സെന്റ്‌ പീറ്റര്‍ ദേവാലയം, കൂടാതെ രക്തസാക്ഷികളുടെ കല്ലറകള്‍ക്ക് മുകളില്‍ അനേകം സെമിത്തേരി പള്ളികളും ഇതില്‍പ്പെടുന്നു. ഇവയുടെ നിര്‍മ്മിതിയില്‍ വിശുദ്ധ സില്‍വെസ്റ്റര്‍ സഹായിച്ചിട്ടുണ്ടെന്നു നിസ്സംശയം പറയാം. അദേഹം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഒരു സുഹൃത്തായിരുന്നു.

325-ല്‍ ഇദ്ദേഹം നിഖ്യായിലെ ആദ്യ പൊതു സമിതി സ്ഥിരീകരിച്ചു. തിരുസഭക്ക് സമാധാനത്തിന്റെ ഒരു പുതിയ യുഗം ഈ വിശുദ്ധന്‍ വാഗ്ദാനം ചെയ്തു. നൂറ്റാണ്ടുകളോളം നീണ്ടുനിന്ന രക്തരൂക്ഷിതമായ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം വന്ന "സമാധാനത്തിന്റെ ആദ്യത്തെ പാപ്പാ" എന്ന് ഇദ്ദേഹം വിളിക്കപ്പെട്ടിരുന്നിരിക്കാം. റോമന്‍ സംഗീത സ്കൂള്‍ ഇദ്ദേഹമാണ് സ്ഥാപിച്ചത്. വിശുദ്ധ പ്രിസില്ലയുടെ കല്ലറക്ക് മുകളില്‍ അദ്ദേഹം ഒരു സെമിത്തേരി പള്ളി പണിതു. 335 ഡിസംബര്‍ 31ന് മരണമടയുമ്പോള്‍ വിശുദ്ധനേയും ഈ പള്ളിയിലാണ് അടക്കം ചെയ്തത്.

ഇദ്ദേഹത്തിന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് നാടകീയമായ പല ഐതിഹ്യങ്ങളും കേള്‍ക്കുവാനുണ്ട്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയെ കുഷ്ഠരോഗത്തില്‍ നിന്നും വിമുക്തനാക്കിയതും, ശ്വസിക്കുമ്പോള്‍ വിഷം വമിക്കുന്ന ഭീകര സത്വത്തെ വധിച്ചതും അവയില്‍ ചിലത് മാത്രമാണ്. മാമോദീസയുടെ ശക്തിയേയും, വിഗ്രാഹാരാധനക്ക് മേല്‍ ക്രിസ്തുമതത്തിന്റെ വിജയത്തേയും വരച്ച് കാട്ടുകമാത്രമാണ് ഇത്തരം ഐതിഹ്യങ്ങള്‍ കൊണ്ടു ഉദ്ദേശിക്കുന്നത്.

Saturday, August 9, 2025

വിശുദ്ധ ബേസില്‍..


തിരുസഭയുടെ വേദപാരംഗതൻ..

എ‌ഡി 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്‌. വിശുദ്ധന്റെ കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായിരുന്നു വിശുദ്ധ ബേസില്‍. അദേഹത്തിന്റെ മൂന്ന്‍ സഹോദരന്മാരും മെത്രാന്മാര്‍ ആയിരുന്നു, നിസ്സായിലെ വിശുദ്ധ ഗ്രിഗറി അവരില്‍ ഒരാളാണ്. വിശുദ്ധന്റെ അമ്മൂമ്മയും ദൈവഭക്തയുമായിരുന്ന മാക്രിനാ വിശുദ്ധന്റെ മതപരമായ വിദ്യാഭ്യാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ആദരണീയയായ ആ അമ്മയുടെ വാക്കുകളുടെ അഗാധമായ പ്രതിഫലനവും, അവരുടെ മാതൃകയും എന്റെ ആത്മാവില്‍ ചെലുത്തിയ സ്വാധീനത്തെ എനിക്കൊരിക്കലും മറക്കുവാന്‍ കഴിയുകയില്ല” എന്ന് വിശുദ്ധന്‍ തന്നെ പറഞ്ഞിട്ടുണ്ട്. യുവത്വം മുതല്‍ പ്രായമാവുന്നത് വരെ വിശുദ്ധ ബേസിലും, നാസിയാന്‍സെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മില്‍ അഗാധമായ സുഹൃത്ത് ബന്ധം ഉണ്ടായിരുന്നു. പാശ്ചാത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബെര്‍ണാര്‍ഡ് ആണെങ്കില്‍, പൗരസ്ത്യ ആശ്രമജീവിത സമ്പ്രദായത്തിന്റെ പിതാവ്‌ വിശുദ്ധ ബേസില്‍ ആണ്.

ഒരു മെത്രാനെന്ന നിലയില്‍ നാസ്ഥികവാദത്തിനെതിരെ പോരാടി കത്തോലിക്കാ വിശ്വാസത്തെ സംരക്ഷിച്ച ധീര യോദ്ധാവായിരുന്നു വിശുദ്ധ ബേസില്‍. AD 372-ല്‍ വലെന്‍സ്‌ ചക്രവര്‍ത്തി നാസ്ഥികവാദത്തെ ഔദ്യോഗിക മതമാക്കി അവതരിപ്പിക്കുവാനായി ബൈസന്‍റൈന്‍ ചക്രവര്‍ത്തിയുടെ വലതുകൈ ആയിരിന്ന മോഡെസ്റ്റ്സിനെ കാപ്പാഡോസിയയിലേക്കയച്ചു. മോഡെസ്റ്റ്സ് മെത്രാനെ സമീപിച്ച് അദ്ദേഹത്തിന്റെ പ്രബോധനങ്ങളെ പ്രതി അദ്ദേഹത്തെ ശാസിക്കുകയും, അദ്ദേഹത്തെ നശിപ്പിക്കുമെന്നും, നാടുകടത്തുമെന്നും, രക്തസാക്ഷിയാക്കുമെന്നും, ഭീഷണിപ്പെടുത്തി. ബൈസന്റൈന്‍ സ്വേച്ഛാധിപതിയുടെ ഈ ഭീഷണികള്‍ക്കൊന്നും വിശുദ്ധനെ തടയുവാന്‍ കഴിഞ്ഞില്ല.

ദൈവ വിശ്വാസത്താലുള്ള സമാധാനത്തോടു കൂടി വിശുദ്ധന്‍ പറഞ്ഞു “ഇത്രയേ ഉള്ളൂ? നിങ്ങള്‍ പറഞ്ഞതൊന്നും എന്നെ സ്പര്‍ശിക്കപോലും ചെയ്തിട്ടില്ല. കാരണം ഞങ്ങളുടെ കൈവശം ഒന്നുമില്ല, ഞങ്ങളുടെ കയ്യില്‍ നിന്നും ഒന്നും കൊള്ളയടിക്കുവാന്‍ കഴിയുകയില്ല. നാടുകടത്തുവാന്‍ സാധ്യമല്ല, കാരണം ദൈവത്തിന്റെ ഈ ഭൂമിയില്‍ എവിടെയായിരുന്നാലും ഞാന്‍ എന്റെ ഭവനത്തിലാണ്. പീഡനങ്ങള്‍ക്ക് എന്നെ തളര്‍ത്തുവാന്‍ കഴിയുകയില്ല, കാരണം എനിക്ക് ശരീരമില്ല. എന്നെ വധിക്കുകയാണെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യുന്നു, കാരണം എനിക്ക് ദൈവത്തെ എത്രയും പെട്ടെന്ന് കാണുവാന്‍ സാധിക്കും. ഒരു പരിധിവരെ ഞാന്‍ ഇതിനോടകം തന്നെ മരിച്ചവനാണ്; വളരെ കാലമായി ഞാന്‍ കല്ലറയിലേക്ക്‌ പോകുവാന്‍ ധൃതികൂട്ടുകയായിരുന്നു.” വിശുദ്ധന്റെ ഈ മറുപടിയില്‍ ആശ്ചര്യം പൂണ്ട മുഖ്യന്‍ ഇപ്രകാരം പറഞ്ഞു “ഇതുവരെ ആരും എന്നോടു ഇത്രയും ധൈര്യമായി സംസാരിച്ചിട്ടില്ല.” “ഒരു പക്ഷെ നിങ്ങള്‍ ഇതിനു മുന്‍പൊരു മെത്രാനെ കണ്ടിട്ടുണ്ടാവില്ല” എന്നാണ് വിശുദ്ധ ബേസില്‍ മറുപടി കൊടുത്തത്‌. ഉടന്‍തന്നെ വലെന്‍സ്‌ ചക്രവര്‍ത്തിയുടെ പക്കല്‍ തിരിച്ചെത്തിയ മോഡെസ്റ്റ്സ് ഇപ്രകാരം ഉണര്‍ത്തിച്ചു “സഭാനായകന്റെ അടുത്ത്‌ ഞങ്ങള്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ അദ്ദേഹം ഭീഷണിക്കു മേലെ ശക്തനും, വാക്കുകളില്‍ ദൃഡതയുള്ളവനും, പ്രലോഭനങ്ങള്‍ക്കും മേലെ സമര്‍ത്ഥനുമായിരുന്നു.”

വിശുദ്ധ ബേസില്‍ ശക്തമായ സ്വഭാവ ഗുണങ്ങളോട് കൂടിയവനും, ആ കാലഘട്ടത്തിലെ ജ്വലിക്കുന്ന ദീപവുമായിരുന്നു. പക്ഷെ ആ ദീപത്തില്‍ നിന്നുമുള്ള അഗ്നി ലോകത്തിനു പ്രകാശവും ചൂടും നല്‍കിയത്‌ പോലെ അത് സ്വയം ദഹിപ്പിക്കുകയും ചെയ്തു; വിശുദ്ധന്റെ അധ്യാത്മിക ഉന്നതി കൂടുംതോറും, ശാരീരികമായി അദ്ദേഹം തളര്‍ന്നിരുന്നു, അദ്ദേഹത്തിന് 49 വയസ്സായപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരം ഒരു വയസ്സന്റേതിനു സമാനമായിരുന്നു. സഭാപരമായ എല്ലാ പ്രവര്‍ത്തികളിലും അദ്ദേഹം അപാരമായ കഴിവും അത്യുത്സാഹവും പ്രകടിപ്പിച്ചിരുന്നു. മഹാനായ ഒരു ദൈവശാസ്ത്രജ്ഞന്‍, ശക്തനായ സുവിശേഷകന്‍, ദൈവീക ദാനമുള്ള എഴുത്ത്കാരന്‍ എന്നീ നിരവധി പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടിരിന്നു. ആശ്രമ ജീവിതത്തിന്റെതായ രണ്ടു നിയമങ്ങള്‍ എഴുതിയുണ്ടാക്കിയത് വിശുദ്ധനാണ്, പൗരസ്ത്യ ആരാധനക്രമത്തിന്റെ പരിഷ്കര്‍ത്താവ് എന്ന നിലയിലും പ്രസിദ്ധനാണ് വിശുദ്ധന്‍. എ‌ഡി 379-ല്‍ അദ്ദേഹത്തിന് 49 വയസ്സുള്ളപ്പോള്‍ വിശുദ്ധന്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. വിശുദ്ധന്‍ മരിക്കുന്ന സമയം, അദ്ദേഹത്തിന്റെ ശരീരം വെറും എല്ലും തൊലിക്കും സമാനമായിരുന്നു.

Wednesday, August 6, 2025

വിശുദ്ധ ഗ്രിഗറി നസിയാന്‍സെന്‍..



തിരുസഭയുടെ വേദപാരംഗതൻ..

എ‌ഡി 339-ല്‍ കാപ്പാഡോസിയയിലെ നസിയാന്‍സ് എന്ന സ്ഥലത്ത് ഗ്രീക്കുകാര്‍ “ദൈവശാസ്ത്രജ്ഞന്‍” എന്ന ഇരട്ടപ്പേര് നല്‍കിയ വിശുദ്ധ ഗ്രിഗറി ജനിച്ചത്‌. കാപ്പാഡോസിയയില്‍ നിന്നും തിരുസഭക്ക്‌ ലഭിച്ച മൂന്ന്‍ ദീപങ്ങളില്‍ ഒരാളാണ് വിശുദ്ധ ഗ്രിഗറി. തന്റെ വിശുദ്ധ ജീവിതത്തിന്റെ അടിസ്ഥാനത്തിനു അദ്ദേഹം തന്റെ മാതാവും വിശുദ്ധയുമായ നോന്നായോട് കടപ്പെട്ടിരിക്കുന്നു. വളരെയേറെ പ്രസിദ്ധിയാര്‍ജ്ജിച്ച, ഏഥന്‍സിലെ, അലെക്സാണ്ട്രിയായിലുള്ള സീസേറിയ എന്ന വിദ്യാലയത്തിലാണ് വിശുദ്ധന്‍ തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഏഥന്‍സില്‍ വച്ചാണ് വിശുദ്ധന്‍ വിശുദ്ധ ബേസിലുമായി തന്റെ കേള്‍വികേട്ട സുഹൃത്ബന്ധം തുടങ്ങിയത്‌. എ‌ഡി 381-ല്‍ തന്റെ സുഹൃത്തിന്റെ ശവസംസ്കാര പ്രസംഗം നടത്തുന്നത് വരെ ആ സുഹൃത്ബന്ധം വളരെയേറെ ഊഷ്മളതയോടെ നിലനിന്നിരുന്നു.

360-ല്‍ ആയിരുന്നു വിശുദ്ധ ഗ്രിഗറി ജ്ഞാനസ്നാനം സ്വീകരിച്ചത്‌. കുറെക്കാലം ഒരാശ്രമത്തില്‍ ഏകാന്ത വാസം നയിച്ചു. അതിനു ശേഷം 372-ല്‍ വിശുദ്ധ ബേസില്‍ ഗ്രിഗറിയെ മെത്രാനായി അഭിഷേകം ചെയ്തു. വിശുദ്ധന്റെ പിതാവും നാസിയാന്‍സിലെ മെത്രാനുമായിരുന്ന ഗ്രിഗറിയുടെ ആഗ്രഹപ്രകാരം അദ്ദേഹം രോഗികളെ ശുശ്രൂഷിക്കുന്നതില്‍ പിതാവിനെ സഹായിച്ചു വന്നു. 381-ല്‍ അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെ പരിശുദ്ധ സഭയുടെ നായകനായി. പക്ഷെ വിവാദങ്ങള്‍ മൂലം അദ്ദേഹം സ്വയം വിരമിക്കുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്തു. ഈ ജീവിതം അദ്ദേഹത്തെ ഉത്തേജിപ്പിക്കുകയും തന്നെ തന്നെ പൂര്‍ണ്ണമായും ധ്യാനാത്മകമായ ജീവിതത്തിനു സമര്‍പ്പിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും ഏകാന്ത ജീവിതത്തിനും, ഊര്‍ജ്ജിതമായ സുവിശേഷ പ്രവര്‍ത്തനത്തിനുമിടക്ക്‌ ചലിച്ചു കൊണ്ടിരിന്നുവെന്ന് പറയാം. ഏകാന്ത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു വിശുദ്ധ ഗ്രിഗറി, പക്ഷെ വിവിധ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമനുസരിച്ചു വിശുദ്ധന് സുവിശേഷ വേലകളിലും, സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളിലും തുടരെ തുടരെ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. ക്രിസ്തീയ പൂര്‍വ്വികതയുടെ ശക്തനായ പ്രാസംഗികനായിരുന്ന വിശുദ്ധന്‍ എന്നു കൂടി വിശുദ്ധ ഗ്രിഗറിയെ വിശേഷിപ്പിക്കാം; അദ്ദേഹത്തിന്റെ വലിയ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണപാടവത്തോടു കടപ്പെട്ടിരിക്കുന്നു. വിശുദ്ധന്‍റെ വ്യത്യസ്തമായ രചനകള്‍ അദ്ദേഹത്തിന് ‘തിരുസഭയുടെ വേദപാരംഗതന്‍’ എന്ന പേര് നേടികൊടുക്കുകയും ചെയ്തു.

Tuesday, August 5, 2025

BENEFITS OF READING THE BIBLE DAILY.

50 BENEFITS FROM READING THE BIBLE DAILY.
1.It teaches forgiveness.
2. It brings me joy.
3. It provides clarity.
4. It opens my eyes.
5. It directs my steps.
6. It demonstrates love.
7. It teaches mercy.
8. It gives me strength.
9. It blesses.
10. It counsels.
11. It revives.
12. It gives me courage.
13. It sheds light in the dark.
14. It breathes life into that which was dead.
15. It heals my body.
16. It delivers me from evil.
17. It offers a better solution.
18. It shows the better way.
19. It transforms.
20. It keeps me focused.
21. It pushes me forward.
22. It guards my thoughts.
23. It fights temptation.
24. It provides peace.
25. It builds better relationships.
26. It provides a greater perspective.
27. It empowers.
28. It changes my outlook.
29. It fills my mind with affirmations.
30. It gives me confidence.
31.It reminds me who I am.
32. It feeds my soul.
33. It sets me free from deceits.
34.It satisfies my thirst.
35. It organizes my priorities.
36. It motivates me to help others.
37. It relieves stress.
38. It exchanges my guilt for His grace.
39. It helps me conquer addictions.
40. It helps me maintain a healthy lifestyle.
41. It teaches me stewardship.
42. It keeps me out of debt.
43. It helps me discover my purpose.
44. It equips me to live out my purpose.
45. It settles my anxieties
46. It arms me with truth.
47. It strengthens my relationship with God.
48. It preserves.
49. It protects.
50. And it pleases God.

Saturday, August 2, 2025

വിശുദ്ധ ചാവറയച്ചൻ..



ജീവചരിത്രം

ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. ഒരു പുരോഹിതനാകണമെന്ന ആഗ്രഹത്തില്‍ നിന്നുണ്ടായ പ്രചോദനത്താല്‍ വിശുദ്ധന്‍, സെന്റ്‌ ജോസഫ് പള്ളിയിലെ വികാരിയുടെ കീഴില്‍ പഠനം ആരംഭിച്ചു.

1818-ല്‍ കുര്യാക്കോസിനു 13 വയസ്സ് പ്രായമുള്ളപ്പോള്‍ അദ്ദേഹം മല്‍പ്പാന്‍ തോമസ്‌ പാലക്കല്‍ റെക്ടറായിരുന്ന പള്ളിപ്പുറം സെമിനാരിയില്‍ ചേര്‍ന്നു. 1829 നവംബര്‍ 29ന് അര്‍ത്തുങ്കല്‍ പള്ളിയില്‍ വച്ച് പൗരോഹിത്യ പട്ടം സ്വീകരിക്കുകയും, ചേന്നങ്കരി പള്ളിയില്‍ വെച്ച് ആദ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. പൗരോഹിത്യ പട്ട സ്വീകരണത്തിനു ശേഷം അദ്ദേഹം കുറച്ചുകാലം സുവിശേഷ വേലകളുമായി കഴിഞ്ഞുകൂടി; എന്നിരുന്നാലും, പഠിപ്പിക്കുവാനും, മല്‍പ്പാന്‍ തോമസ്‌ പാലക്കലിന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ജോലികള്‍ ചെയ്യുവാനുമായി അദ്ദേഹം സെമിനാരിയില്‍ തിരിച്ചെത്തി. അങ്ങിനെ മല്‍പ്പാന്‍മാരായ തോമസ്‌ പോരൂക്കരയുടെയും, തോമസ്‌ പാലക്കലിന്റെയും നേതൃത്വത്തില്‍ തദ്ദേശീയമായ ഒരു സന്യാസ സഭ സ്ഥാപിക്കുവാനുള്ള ശ്രമത്തില്‍ ചാവറയച്ചനും പങ്കാളിയായി.

ഈ സന്യാസ സഭയുടെ ആദ്യത്തെ ആത്മീയ ഭവനത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കുന്നതിനായി 1830-ല്‍ അദ്ദേഹം മാന്നാനത്തേക്ക് പോയി. 1831 മെയ് 11ന് ഇതിന്റെ തറകല്ലിടല്‍ കര്‍മ്മം നടത്തുകയും ചെയ്തു. തന്റെ ഗുരുക്കന്മാരായ രണ്ടു മല്‍പ്പാന്‍മാരുടേയും മരണത്തോടെ ചാവറയച്ചൻ നായകത്വം ഏറ്റെടുത്തു. 1855-ല്‍ തന്റെ പത്ത് സഹചാരികളുമൊത്ത് "കുര്യാക്കോസ് ഏലിയാസ് ഹോളി ഫാമിലി" എന്ന പേരില്‍ ഒരു വൈദീക സമൂഹത്തിന് രൂപം കൊടുത്തു. 1856 മുതല്‍ 1871-ല്‍ ചാവറയച്ചൻ മരിക്കുന്നത് വരെ ഈ സഭയുടെ എല്ലാ ആശ്രമങ്ങളുടേയും പ്രിയോര്‍ ജെനറാള്‍ ഇദ്ദേഹം തന്നെ ആയിരുന്നു.

1861-ല്‍ മാര്‍പാപ്പയുടെ ആധികാരികതയും, അംഗീകാരവും ഇല്ലാതെയുള്ള മാര്‍ തോമസ്‌ റോക്കോസിന്‍റെ വരവോടു കൂടി കേരള സഭയില്‍ ഒരു മതപരമായ ഒരു ഭിന്നത ഉടലെടുത്തു. തുടര്‍ന്നു വരാപ്പുഴ മെത്രാപ്പോലീത്ത വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയെ സീറോമലബാര്‍ സഭയുടെ വികാരി ജെനറാള്‍ ആയി നിയമിച്ചു. കേരള സഭയെ തോമസ്‌ റോക്കോസ് ശീശ്മയില്‍ നിന്നും രക്ഷിക്കുവാനായി ചാവറയച്ചൻ നടത്തിയ ഐതിഹാസികമായ പോരാട്ടങ്ങളെ പ്രതി പില്‍ക്കാല സഭാ നേതാക്കളും, കത്തോലിക്കാ സമൂഹം പൊതുവെയും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

കത്തോലിക്കാ സഭയിലെ സി.എം.ഐ. (Carmelites of Mary Immaculate) എന്ന സന്യാസ സഭയുടെ സ്ഥാപക പിതാക്കന്‍മാരില്‍ ഒരാളും, ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ 1871 ജനുവരി 3ന് ആണ് മരിച്ചത്. വിശുദ്ധനായ സന്യാസിയുടെ എല്ലാ പരിമളവും അവശേഷിപ്പിച്ചിട്ടാണ് വിശുദ്ധന്‍ പോയത്. 1986 ഫെബ്രുവരി 8 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍ പാപ്പാ വിശുദ്ധനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങള്‍ അദ്ദേഹം മരിച്ച സ്ഥലമായ കൂനമ്മാവില്‍ നിന്നും മാന്നാനത്തേക്ക് കൊണ്ടു വരികയും വളരെ ഭക്തിപൂര്‍വ്വം അവിടത്തെ സെന്റ്‌. ജോസഫ് ആശ്രമത്തില്‍ സൂക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദൈവീകതയും തന്റെ മാധ്യസ്ഥം അപേക്ഷിക്കുവര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിയുന്നതിനാലും മാന്നാനം ഒരു തീര്‍ത്ഥാടക കേന്ദ്രമായി മാറി. എല്ലാ ശനിയാഴ്ചകളിലും ആയിരകണക്കിന് ജനങ്ങള്‍ വിശുദ്ധന്റെ കബറിടത്തില്‍ വരികയും വിശുദ്ധ കുര്‍ബ്ബാനയിലും നൊവേനയിലും പങ്കെടുക്കുകയും ചെയ്യുന്നു. ആണ്ടുതോറും ഡിസംബര്‍ 26 തൊട്ടു ജനുവരി 3വരെ വിശുദ്ധ ചാവറ പിതാവിന്റെ തിരുനാള്‍ വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചു വരുന്നു.

സി.എം.ഐ സഭയുടെ സ്ഥാപക പിതാക്കന്‍മാരും തേജോമയന്‍മാരായ പോരൂക്കര തോമസ്‌ മല്‍പ്പാന്‍, പാലക്കല്‍ തോമാ മല്‍പ്പാന്‍, വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ, ബ്രദര്‍ ജേക്കബ് കണിയന്തറ തുടങ്ങിയ പ്രതിഭാശാലികളോട് കേരള സമൂഹം കടപ്പെട്ടിരിക്കുന്നു. തന്റെ ഗുരുക്കന്‍മാരും മല്‍പ്പാന്‍മാരുമായിരുന്ന പോരൂക്കര തോമസ്‌, പാലക്കല്‍ തോമാ എന്നിവരെപോലെ ചാവറയച്ചനും ഒരു വലിയ ദാര്‍ശനികനായിരുന്നു.

പുരുഷന്‍മാര്‍ക്കായുള്ള ആദ്യത്തെ ഏതദ്ദേശീയ സന്യാസസഭ (CMI), ആദ്യത്തെ സംസ്കൃത സ്കൂള്‍, കേരളത്തിലെ ആദ്യത്തെ കത്തോലിക്കാ മുദ്രണ ശാല (മര പ്രസ്സ്), സ്ത്രീകള്‍ക്കായുള്ള ആദ്യത്തെ സന്യാസിനീ സഭ (CMC) തുടങ്ങിയവയും, ആദ്യമായി കിഴക്കന്‍ സിറിയന്‍ പ്രാര്‍ത്ഥനാ ക്രമത്തെ വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. കൂടാതെ 1862-ല്‍ മലബാര്‍ സഭയില്‍ ആദ്യമായി ആരാധനക്രമ പഞ്ചാംഗം തയാറാക്കിയതും ചാവറയച്ചനാണ്.

ഈ അടുത്ത കാലം വരെ ആ പഞ്ചാംഗം ഉപയോഗത്തില്‍ ഉണ്ടായിരുന്നു. കേരളത്തില്‍ സുറിയാനി ഭാഷയിലുള്ള അച്ചടി സാധ്യമാക്കിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ മൂലമാണ്. മാന്നാനത്ത് മലയാളത്തിലുള്ള ആദ്യത്തെ പ്രാര്‍ത്ഥനാ പുസ്തകം അച്ചടിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

മാന്നാനത്തെ ആദ്യത്തെ ആത്മീയ ഭവനം കൂടാതെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അനേകം ആശ്രമങ്ങളും സ്ഥാപിക്കുകയും, പുരോഹിതരെ പഠിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമായി സെമിനാരികളും, പുരോഹിതര്‍ക്കും, ജനങ്ങള്‍ക്കും ആണ്ടുതോറുമുള്ള ധ്യാനങ്ങള്‍, 40 മണിക്കൂര്‍ ആരാധന, രോഗികള്‍ക്കും അഗതികള്‍ക്കുമായുള്ള ഭവനം, ക്രിസ്ത്യാനികളാകുവാന്‍ തയാറെടുക്കുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ, പൊതുവിദ്യാഭ്യാസത്തിനായി സ്കൂളുകള്‍ തുടങ്ങിയവ, കുര്യാക്കോസ് ഏലിയാസ് ചാവറയുടെ നേതൃത്വത്തില്‍ നടന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം.

ഇതിനു പുറമേ, 1866-ല്‍ വൈദികനായ ലിയോപോള്‍ഡ് ബെക്കാറോ OCD യുടെ സഹകരണത്തോടു കൂടി അദ്ദേഹം സ്ത്രീകള്‍ക്കായി 'മദര്‍ ഓഫ് കാര്‍മ്മല്‍' (CMC) എന്ന പേരില്‍ ഒരു സന്യാസിനീ സമൂഹത്തിന് രൂപം നല്‍കി. കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനു വഴിതെളിയിച്ചവരില്‍ ഒരാളാണ് വിശുദ്ധ ചാവറയച്ചൻ. കത്തോലിക്കാ സഭയുടെ 'ഓരോ പള്ളിയോടു ചേര്‍ന്ന്‍ പള്ളികൂടം' എന്ന ആശയം നടപ്പിൽ വരുത്തുന്നതിൽ ഈ വിശുദ്ധന്‍ മുഖ്യ പങ്കു വഹിച്ചു. അതുകൊണ്ടാണ് കേരളത്തിലെ സ്കൂളുകള്‍ "പള്ളികൂടം" (പള്ളിയോടനുബന്ധിച്ച് വിദ്യാഭ്യാസത്തിനുള്ള സ്ഥലം) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

തന്‍റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കിടക്കും പദ്യങ്ങളും, ഗദ്യങ്ങളുമായി ചില ഗ്രന്ഥങ്ങള്‍ വിശ്വാസികള്‍ക്കായി രചിക്കുവാന്‍ ചാവറയച്ചന് കഴിഞ്ഞിട്ടുണ്ട്. "ഒരു നല്ല പിതാവിന്റെ ചാവരുള്‍" എന്ന അദ്ദേഹത്തിന്റെ ക്രിസ്തീയ കുടുംബങ്ങള്‍ക്കായിട്ടുള്ള ഉപദേശങ്ങള്‍ ലോകമെങ്ങും പ്രായോഗികവും ഇപ്പോഴും പ്രസക്തവുമാണ്. പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളും ഒഴിവാക്കാതിരുന്ന അദ്ദേഹത്തിന്റെ നിരവധിയായ മതപരവും, സാമൂഹ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്കിടക്കും തനിക്ക് ചുറ്റും ആത്മീയത പരത്തുവാന്‍ വിശുദ്ധന് കഴിഞ്ഞിരുന്നു, അതിനാല്‍ ചാവറയച്ചന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹത്തെ ഒരു ദൈവീക മനുഷ്യനായി പരാമര്‍ശിച്ചു തുടങ്ങിയിരുന്നു.

"ദൈവം നല്കിയ മക്കളെ വിശുരായി ദൈവത്തിനേല്പിക്കാത്ത മാതാപിതാക്കന്മാർക്കു വിധി ദിവസം ഭയാനകമായിരിക്കും" വിശുദ്ധ ചാവറയച്ചന്റെ ഈ വാക്കുകൾ ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ടതാണ്.


വിശുദ്ധീകരണ നടപടികള്‍

1871-ലാണ് വിശുദ്ധ ഏലിയാസ് കുര്യാക്കോസ് ചാവറ മരിച്ചത്. എന്നിരുന്നാലും 1936 ലാണ് CMI സഭയുടെ പൊതുസമ്മേളനത്തില്‍ ചാവറയച്ചന്റെ വിശുദ്ധ പദവിക്കായുള്ള മാര്‍ഗ്ഗങ്ങളേപ്പറ്റി ചര്‍ച്ച ചെയ്തത്. വാസ്തവത്തില്‍ 1926-ല്‍ മാത്രമാണ് സീറോമലബാര്‍ സഭയുടെ പുരോഹിത സമ്പ്രദായത്തിന്റെ ഭരണഘടന നിലവില്‍ വന്നത്. ഇതിനു ശേഷം മാത്രമാണ് വിശുദ്ധ പദവിയേ കുറിച്ചുള്ള ആശയം ചൂട്പിടിച്ചത്. റവ. ഫാ. വലേരിയന്‍ പ്ലാത്തോട്ടം മതിയാകുംവിധം വലിപ്പത്തില്‍ വിശുദ്ധന്റെ ഒരു ജീവചരിത്ര രേഖ ഏഴുതുകയും, 1939-ല്‍ പ്രസിദ്ധീകരിച്ചു.


വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിച്ചവര്‍ക്ക് ലഭിച്ച അത്ഭുതകരമായ സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. താന്‍ രോഗാവസ്ഥയിലായിരിക്കെ വിശുദ്ധ ചാവറയച്ചൻ രണ്ടു പ്രാവശ്യം തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ വേദനയില്‍ നിന്നും ആശ്വാസം നല്‍കിയെന്നും, 1936-ല്‍ വിശുദ്ധ അല്‍ഫോന്‍സാമ്മ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം 1953-ല്‍ പരിശുദ്ധ സഭയോട് വിശുദ്ധീകരണ നടപടികള്‍ തുടങ്ങണം എന്നപേക്ഷിച്ചുകൊണ്ടു റോമിലേക്ക് ഒരപേക്ഷ അയച്ചു. 1955-ല്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്തയായ മാര്‍ മാത്യു കാവുകാട്ടച്ചന് രൂപതാ തലത്തിലുള്ള നടപടികള്‍ ആരംഭിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടു റോമില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചു.

ആദ്യ പടിയായി മാര്‍ മാത്യു കാവുകാട്ട്, ആരെങ്കിലൂടെയും പക്കല്‍ ചാവറയച്ചനെ സംബന്ധിച്ച എന്തെങ്കിലും രേഖകള്‍ ഉണ്ടെങ്കില്‍ മെത്രാന്റെ പക്കല്‍ സമര്‍പ്പിക്കണമെന്നും, ഈ ഉദ്യമത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു ഒരു ഔദ്യോഗിക അറിയിപ്പ് നല്‍കി. അതിനു ശേഷം 1957-ല്‍ ചരിത്രപരമായ പഠനങ്ങള്‍ക്കായി ഒരു കമ്മീഷനെ നിയമിച്ചു. 1962-ല്‍ രണ്ടു സഭാ കോടതികള്‍ ഇതിനായി നിലവില്‍ വരുത്തി, ഇതില്‍ ആദ്യ കോടതിയുടെ ചുമതല ചാവറയച്ചന്റെ എഴുത്തുകളും രേഖകളും സൂക്ഷ്മമായി പരിശോധിക്കുകയും, രണ്ടാമത്തെ കോടതിയുടെ ചുമതല ക്രിസ്തീയ നായക ഗുണങ്ങള്‍ നിറഞ്ഞ ഒരു ജീവിതമാണോ ചാവറ പിതാവ് നയിച്ചിരുന്നതെന്ന് അന്വോഷിക്കുകയായിരുന്നു. 1969-ല്‍ മൂന്നാമതായി ഒരു കോടതി സ്ഥാപിച്ച്, അനൌദ്യോഗികമായിട്ടുള്ള പൊതു വണക്കം വിശുദ്ധ ഏലിയാസ് ചാവറക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുകയും ചെയ്തു.

1970-ല്‍ അന്നത്തെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ആന്റണി പടിയറ എല്ലാ കോടതികളുടേയും പ്രവര്‍ത്തനം ഔദ്യോഗികമായി ഉപസംഹരിച്ചു. ഈ രേഖകളെല്ലാം റോമിലെ ആചാരങ്ങളുടെ ചുമതലയുള്ള പരിശുദ്ധ സഭക്ക് അയച്ചു കൊടുത്തു. സഭ 1978-ല്‍ പതിമൂന്ന് അംഗങ്ങളുള്ള ഒരു സമിതി രൂപീകരിക്കുകയും, വിശുദ്ധീകരണ നടപടികള്‍ക്കുള്ള തങ്ങളുടെ അനുവാദം നല്‍കുകയും ചെയ്തു. ഇതിനിടക്ക്, ദൈവശാസ്ത്രഞ്ജന്‍മാരുടെ സമിതി ചാവറയച്ചൻ നന്മ നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നതെന്ന് പ്രഖ്യാപിച്ചു. 1980 മാര്‍ച്ച്‌ 15ന് വിശുദ്ധ കുര്യാക്കോസ് ഏലിയാസ്‌ ചാവറയുടെ വിശുദ്ധീകരണത്തിനുള്ള നാമനിര്‍ദ്ദേശം പരിശുദ്ധ സഭക്ക്‌ മുന്‍പാകെ സമര്‍പ്പിച്ചു. വിശുദ്ധീകരണ നടപടികള്‍ക്ക്‌ ചുമതലയുള്ള പരിശുദ്ധ നിര്‍ദ്ദേശക സമിതി ചാവറയച്ചന്റെ പുണ്യ പ്രവര്‍ത്തികളുടെ രേഖകള്‍ പരിശോധിച്ചു.

ഒരു തുടക്കമെന്ന നിലയില്‍ 1983 നവംബര്‍ 23ന് മെത്രാന്‍മാരുടേയും, ഉപദേഷ്ടാക്കളായ പുരോഹിതരുടേയും കൂടിക്കാഴ്‌ചയില്‍ ഇക്കാര്യം അവതരിപ്പിക്കുകയും, 1984 മാര്‍ച്ച്‌ 27ന് കര്‍ദ്ദിനാള്‍മാരുടെ കൂടികാഴ്ചയില്‍ ഇതേ സംബന്ധിച്ച് കൂടുതലായ പഠനങ്ങള്‍ നടത്തുകയും ചെയ്തു. ചാവറയച്ചന്റെ ദൈവീകവും, ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്കനുസൃതമായ ജീവിതത്തേയും, പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വ്യക്തമായ തെളിവുകളില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും, ഈ വിവരങ്ങളടങ്ങുന്ന ഒരു വ്യക്തമായ റിപ്പോര്‍ട്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടു.

അവസാനം, വിശുദ്ധന്റെ പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ചു കൊണ്ട് പരിശുദ്ധ നിര്‍ദ്ദേശക സമിതി സമര്‍പ്പിച്ച രേഖകളില്‍ പാപ്പാ തന്റെ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയും, 1984 ഏപ്രില്‍ 7ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ധന്യനായ ചാവറയച്ചന്റെ മധ്യസ്ഥതയാല്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു രോഗശാന്തിയെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിശോധിച്ചതിനു ശേഷം അത് ഒരു ‘അത്ഭുത’ മെന്ന് കണ്ടെത്തി. ഈ കണ്ടെത്തലിനെ പരിശുദ്ധ സമിതി സ്വീകരിക്കുകയും ചെയ്തു. ഇത് ചാവറയച്ചനെ ‘വാഴ്ത്തപ്പെട്ടവന്‍’ എന്ന പദവിക്കര്‍ഹനാക്കി. തുടര്‍ന്ന്‍ 1986 ഫെബ്രുവരി 8 ശനിയാഴ്ച പരിശുദ്ധ പിതാവ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കോട്ടയത്തെ നാഗമ്പടം മൈതാനത്ത്‌ വെച്ച് ധന്യനായ ദൈവ ദാസന്‍ കുര്യാക്കോസ് ഏലിയാസ്‌ ചാവറയേയും, അല്‍ഫോന്‍സാ മുട്ടത്തുപാടത്തിനേയും “വാഴ്ത്തപ്പെട്ടവര്‍” ആയി പ്രഖ്യാപിച്ചു.

പിന്നീട് 2014 നവംബര്‍ 23ന് ഫ്രാന്‍സിസ്‌ പാപ്പ വാഴ്ത്തപ്പെട്ട ചാവറ പിതാവിനെ ‘വിശുദ്ധന്‍’ ആയി പ്രഖ്യാപിച്ചു.


റോമില്‍ അംഗീകരിക്കപ്പെട്ട അത്ഭുതം

ചാവറയച്ചന്റെ മാധ്യസ്ഥം വഴിയായി, 1960 ഏപ്രിലില്‍ ശ്രീ ജോസഫ് മാത്യു പെണ്ണപറമ്പിലിന്റെ കാലിലെ ജന്മനാലുള്ള അസുഖം ഭേതമായത് ഒരു അത്ഭുതമാണെന്ന്‍ റോം അംഗീകരിച്ചു.

ജനനം മുതലേ തന്റെ രണ്ടു കാലിലും മുടന്തുമായിട്ടാണ് ജോസഫ് ജനിച്ചത്. ജോസഫിന്റെ കുടുംബം ദരിദ്രരാണെങ്കിലും ദൈവഭക്തിയുള്ളവരായിരുന്നു. തന്റെ കാലുകളുടെ മുടന്ത്‌ വകവെക്കാതെ ജോസഫ് സ്കൂളില്‍ പോകുവാന്‍ തുടങ്ങി. അവന്റെ മൂത്ത സഹോദരി എപ്പോഴും അവന്റെ കൂടെ ഉണ്ടാകുമായിരുന്നു. ജോസഫിന് 7 വയസ്സുള്ളപ്പോഴാണ് അവന്റെ കുടുംബം ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നിരവധി പേര്‍ക്ക് രോഗ ശാന്തി ലഭിച്ചിട്ടുള്ളതായി അറിയുവാന്‍ ഇടയായത്. ആ നിമിഷം മുതല്‍ അവര്‍ ജോസഫിന്റെ കാലുകളുടെ അസുഖം ഭേതമാക്കുന്നതിനു വേണ്ടി ചാവറയച്ചന്റെ മദ്ധ്യസ്ഥം വളരെയേറെ ഭക്തിയോടും വിശ്വാസത്തോടും കൂടി അപേക്ഷിക്കുവാന്‍ തുടങ്ങി. പക്ഷെ ഇക്കാലയളവിലൊന്നും അവര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും തങ്ങളുടെ പ്രാര്‍ത്ഥന തുടരുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ജോസഫും അവന്റെ സഹോദരിയും സ്കൂളിലേക്ക് പോകുമ്പോള്‍, കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ ഭക്തിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പതിവായി ചെയ്യുന്ന പോലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനോട് തന്റെ കാലുകളിലെ അസുഖം ഭേതമാക്കുവാനും, 1 സ്വര്‍ഗ്ഗസ്ഥനായ പിതാവും, 1 നന്മനിറഞ്ഞ മറിയവും, 1 പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ..ചൊല്ലുവാന്‍ അവന്റെ സഹോദരി അവനോടാവശ്യപ്പെട്ടു.

അങ്ങിനെ അവര്‍ രണ്ടുപേരും പ്രാത്ഥിച്ചുകൊണ്ടു നടക്കുമ്പോള്‍ പെട്ടെന്ന് തന്നെ ജോസഫിന് തന്റെ വലത് കാല്‍ വിറക്കുന്നതായി അനുഭവപ്പെട്ടു. ജോസഫ് ഉടനേ തന്നെ തന്റെ വലത്കാല്‍ നിലത്തുറപ്പിച്ചുകൊണ്ടു പതിയെ നടക്കുവാന്‍ ശ്രമിച്ചു, അത്ഭുതമെന്ന് പറയട്ടേ അവന്റെ വലത് കാലിലെ അസുഖം ഭേതമായി. കുറച്ച് ദിവസങ്ങളോളം നടക്കുമ്പോള്‍ അവനു വേദന അനുഭവപ്പെട്ടിരുന്നു, പിന്നീട് വേദനയും ഇല്ലാതായി.

അവന്റെ ഒരു കാലിലെ അസുഖം ഭേതമായത് അവന്റെ കുടുംബത്തിനു വളരെയേറെ സന്തോഷവും പ്രതീക്ഷയും നല്‍കി. കൂടുതല്‍ ഉത്സാഹത്തോടും, ഭക്തിയോടും കൂടി അവന്റെ ഇടത്കാലിലെ മുടന്ത് കൂടി ഭേതമാക്കുവാന്‍ വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.

1960 ഏപ്രില്‍ 30ന് രാവിലെ ജോസഫിന് തന്റെ ഇടത് കാലില്‍ വേദന അനുഭവപ്പെട്ടു തുടങ്ങി, എന്നിരുന്നാലും അവന്‍ ആ വേദന വകവെക്കാതെ തന്റെ സഹോദരിയുടെ കൂടെ അവരുടെ മൂത്ത സഹോദരന്റെ വീട്ടിലേക്ക് പോയി.

പോകുന്ന വഴിക്ക്, അവന്റെ ഇടത് കാലിലെ വിരലുകള്‍ നേരെയാവുകയും, ക്രമേണ അവന്റെ കാലും സുഖം പ്രാപിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ രണ്ടു കാലും നിലത്ത് കുത്തി അവനു സാധാരണ പോലെ നടക്കുവാന്‍ സാധിച്ചു. ഇത് ചാവറയച്ചറെ മാദ്ധ്യസ്ഥം മൂലമാണ് സംഭവിച്ചതെന്നാണ് ജോസഫ് വിശ്വസിക്കുന്നത്. ജോസഫിന്റെ അത്ഭുതകരമായ ഈ രോഗശാന്തി 1984-ല്‍ വിശുദ്ധീകരണ നടപടികള്‍ക്കായി റോമില്‍ പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തപ്പോള്‍ ജോസഫിന് 31 വയസ്സായിരുന്നു പ്രായം.

മരിയ ജോസ് കൊട്ടാരത്തിലിന്റെ- ഉടനടിയും, സ്ഥിരവും, പൂര്‍ണ്ണവുമായ രോഗശാന്തി

വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധീകരണത്തിനു പരിഗണിച്ച ഒരത്ഭുതമാണ് മരിയ ജോസ് കൊട്ടാരത്തില്‍ എന്ന് പേരായ പെണ്‍കുട്ടിയുടെ കോങ്കണ് പൂര്‍ണ്ണമായും സുഖപ്പെട്ടത്. കൊട്ടാരത്തില്‍ വീട്ടില്‍ ജോസ് തോമസിന്റെയും മറിയകുട്ടിയുടേയും ഏറ്റവും ഇളയ മകളായിരുന്നു അവള്‍. അവള്‍ക്ക് മുകളില്‍ രണ്ടു സഹോദരന്മാര്‍: ഏറ്റവും മൂത്ത ജോര്‍ജ്ജ്, പാലാ അതിരൂപതക്ക് കീഴിലുള്ള സെമിനാരിയിലെ പഠിതാവും, രണ്ടാമത്തവനായ ഫെബിന്‍, യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയും.

2005 ഏപ്രില്‍ 5ന് കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലാണ് മരിയ ജനിച്ചത്. പാലായിലെ സെന്റ്‌. തോമസ്‌ കത്രീഡല്‍ പള്ളിയില്‍ വെച്ചാണ് അവളെ മാമോദീസ മുക്കിയത്. അവള്‍ക്ക് ജന്മനാ തന്നെ കോങ്കണ്ണ് (alternating esotropia) ഉണ്ടായിരുന്നു, അവളുടെ മാതാപിതാക്കളും, 4, 5 മാസം പ്രായമുള്ളപ്പോള്‍ മുതല്‍ അവളെ അറിയുന്നവര്‍ക്കെല്ലാം ഇക്കാര്യം അറിയാമായിരുന്നു.

അവളുടെ കണ്ണുകള്‍ പരിശോധിച്ച 5 പേര്‍ അടങ്ങുന്ന വിദഗ്ദരായ ഡോക്ടര്‍മാരുടെ സംഘം ഇത് കോങ്കണ്ണ് ആണെന്ന് ഉറപ്പിക്കുകയും, ശസ്ത്രക്രിയ മാത്രമേ ഇതിനു പരിഹാരമുള്ളൂ എന്ന് അറിയിച്ചു. എന്നാല്‍ പലവിധ കാരണങ്ങളാല്‍ അവളുടെ കുടുംബം ശസ്ത്രക്രിയ ഒഴിവാക്കിയിട്ട് ദൈവത്തിലേക്ക് തിരിയുകയും, വിശുദ്ധ ചാവറ പിതാവിന്റെ മാധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു.

ഒക്ടോബര്‍ 9ന് മറിയക്കുട്ടി വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മുറിയും, കബറിടവും സന്ദര്‍ശിച്ചു, പിന്നീട് ഒക്ടോബര്‍ 12ന് മരിയയും അവളുടെ മാതാപിതാക്കളും കബറിടം സന്ദര്‍ശിക്കുകയും, വളരെ ഭക്തിപൂര്‍വ്വം അവളുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒക്ടോബര്‍ 16ന് പ്രാര്‍ത്ഥനക്ക് ശേഷം, എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും നിലനില്‍ക്കുന്ന ആചാരമനുസരിച്ച് ‘ഈശോ മിശിഖാക്ക് സ്തുതി’ പറയുവാന്‍ അവള്‍ തന്റെ മാതാപിതാക്കളുടെ അരികത്ത് ചെന്നപ്പോള്‍ അവളുടെ മാതാപിതാക്കള്‍ കുട്ടി നേരെ നോക്കുന്നതും, അവളുടെ കണ്ണുകള്‍ സുഖമായതും ശ്രദ്ധിച്ചു. വിശുദ്ധ ചാവറ പിതാവിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന മാന്നാനത്ത്, ചാവറയച്ചന്റെ കബറിടത്തില്‍ വെച്ച് അദ്ദേഹത്തിലൂടെ ദൈവത്തിന് സമര്‍പ്പിച്ച പ്രാര്‍ത്ഥനകളും, കൂടാതെ തങ്ങളുടെ കുടുംബ പ്രാര്‍ത്ഥനകളും മൂലമാണ് ഈ രോഗശാന്തി ഈ രോഗശാന്തി ലഭിച്ചതെന്നു അവളുടെ മാതാപിതാക്കളും, പ്രത്യകിച്ച് അവളുടെ അമ്മയായ മറിയക്കുട്ടിയും, മുഴുവന്‍ കുടുംബവും, ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിക്കുന്നു.

അതേതുടര്‍ന്ന്‍ കുട്ടിയെ അവര്‍ വിവിധ ഡോക്ടര്‍മാരുടെ പക്കല്‍ പരിശോധനക്കായി കൊണ്ടു പോയെങ്കിലും, അവരെല്ലാവരും തന്നെ തങ്ങളുടെ അറിവിലുള്ള വൈദ്യ ശാസ്ത്രപരമായ അറിവുകള്‍ക്ക് വിവരിക്കാനാവാത്ത വിധമുള്ള രോഗശാന്തിയാണിതെന്ന്‍ ഉറപ്പിച്ചു പറഞ്ഞു. കൂടാതെ, ഈ കുട്ടിയുടെ കണ്ണുകള്‍ ഒരു തരത്തിലുള്ള വൈദ്യ ശാസ്ത്രപരമായ ചികിത്സകള്‍ക്കും, ശസ്ത്രക്രിയക്കും വിധേയമായിട്ടില്ലെന്നും ഈ പരിശോധനകളില്‍ നിന്നു തെളിഞ്ഞു. അതിനാല്‍, ഒരു ശസ്ത്രക്രിയയും കൂടാതെ പെട്ടെന്നുള്ളതും, പൂര്‍ണ്ണവും സ്ഥിരമായിട്ടുമുള്ള രോഗം സൌഖ്യമാണിതെന്ന്‍ ഡോക്ടര്‍മാര്‍ അറിയിച്ചതോടെ, ദൈവശാസ്ത്രജ്ഞ്ജന്‍മാരായ വിദഗ്ദരും ഈ അത്ഭുതകരമായ സുഖപ്പെടുത്തല്‍ വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ മാധ്യസ്ഥതയാല്‍ നടന്നതാണെന്ന് സ്ഥിരീകരിച്ചു.

അപ്രകാരം 2014 മാര്‍ച്ച് 18ന് കര്‍ദ്ദിനാള്‍മാരുടെ കൂടിക്കാഴ്ചയില്‍ വച്ച് പരിശുദ്ധ നാമനിര്‍ദ്ദേശക സമിതി അംഗീകരിക്കുകയും ഇത് 2014 നവംബര്‍ 23ലെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് നയിക്കുകയും ചെയ്തു.