Thursday, July 3, 2025

വിശുദ്ധ തോമാശ്ലീഹാ..

ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമാണ്. ഇന്ത്യയില്‍ ആദ്യമായി സുവിശേഷ ദൌത്യവുമായി എത്തിയ അപ്പോസ്തലനാണ് സെന്‍റ് തോമസ്. യേശുക്രിസ്തുവിന്‍റെ 12 ശിഷ്യന്മാരില്‍ ഒരാള്‍.

ഇന്ത്യയില്‍ മരിച്ച തോമാശ്ലീഹയുടെ ഭൗതിക അവശിഷ്ടങ്ങൾ പിന്നീട് മെസപൊട്ടാമിയയിലെ എഡേസയിലേക്ക് കൊണ്ടുപോയി. ഇതൊരു ജൂലൈ മൂന്നിനായിരുന്നു. അതുകൊണ്ടാണ് ജൂലൈ മൂന്ന് സെന്‍റ് തോമസ് ദിനമായി ആചരിക്കുന്നത്. .

ദിദിമസ് ദി ട്വിന്‍, ഇന്ത്യയുടെ അപ്പോസ്തലന്‍, യൂദാസ് തോമസ് അഥവാ ജൂഡ് തോമസ്, ഡൌട്ടിംഗ് തോമസ് എന്നീ പേരുകളിലെല്ലാം ഈ വിശുദ്ധന്‍ അറിയപ്പെടുന്നു

യേശു ക്രിസ്തുവിനു വേണ്ടി ജീവന്‍ ത്യജിക്കാന്‍ പോലും തയാറായ സെന്‍റ് തോമസ് ഈ കൃത്യം കൊണ്ട് തന്നെ ഡൌട്ടിംഗ് തോമസ് എന്ന തന്‍റെ ചീത്തപ്പേര് കഴുകിക്കളഞ്ഞു. അകമഴിഞ്ഞ ഭക്തിയുടേയും ഗുരു സ്നേഹത്തിന്‍റെയും മൂര്‍ത്തിമത് ഭാവമാണ് സെന്‍റ് തോമസ്.

വിശുദ്ധ തോമാശ്ലീഹാ എന്നാണ് അദ്ദേഹത്തെ കേരളീയര്‍ വിളിക്കുന്നത്. കേരളത്തിലായിരുന്നു തോമാ ശ്ലീഹ പ്രേഷിത പ്രവര്‍ത്തനത്തിനായി കച്ചവടക്കാരോടൊപ്പം വന്നിറങ്ങിയത്. കേരളത്തില്‍ അദ്ദേഹം ജൂതന്മാരെയും നാട്ടുകാരായ ഹിന്ദുക്കളേയും മതപരിവര്‍ത്തനം നടത്തി ക്രിസ്തുവിലേക്ക് അടുപ്പിച്ചു.

തോമാ ശ്ലീഹ മരിക്കുന്നതും ഇന്ത്യയില്‍ വച്ചാണ്. എ.ഡി. 72 ല്‍ ചിന്നമലയിലെ ഒരു ഗുഹയില്‍ അദ്ദേഹത്തെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ഇവിടത്തെ മാര്‍ത്തോമാക്കാരുടെ വിശ്വാസം.

ചെന്നൈയിലെ മൈലാപ്പൂരില്‍ ഒരു സംഘം അസഹിഷ്ണുക്കള്‍ അദ്ദേഹത്തെ കൊന്നു എന്നൊരു വിശ്വാസവുമുണ്ട്. എന്നാല്‍ ഇതിലെ സമയക്രമം വിശ്വാസയോഗ്യമല്ല. മൈലാപ്പൂരിലെ സാന്തോം പള്ളി സെന്‍റ് തോമസിന്‍റെ സ്മരണയ്ക്കായുള്ളതാണ്.

എ.ഡി.52 ല്‍ നവംബര്‍ 21 നാണ് തോമാശ്ലീഹ കൊടുങ്ങല്ലൂരിനടുത്തുള്ള മൂത്തകുന്നത്തെ മാല്യങ്കരയില്‍ വന്നിറങ്ങിയത്. കൊടുങ്ങല്ലൂരിലെ സെന്‍റ് തോമസ് പള്ളി ഇപ്പോഴും ഒട്ടേറെ ഭക്തരേയും സന്ദര്‍ശകരേയും ആകര്‍ഷിക്കുന്നു.

പറവൂര്‍, നിരണം, കൊല്ലം, നിലയ്ക്കല്‍, കോക്കമംഗലം, പാലയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികള്‍ സെന്‍റ് തോമസ് സ്ഥാപിച്ചതാണ്. മലയാറ്റൂരിലെ പള്ളിയും സെന്‍റ് തോമസ് സ്ഥാപിച്ചതാണെന്നാണ് കരുതുന്നത്. ഏഴര പള്ളികള്‍ ഏന്നാണിവ അറിയപ്പെടുന്നത് തിരുവിതാംകോട് പള്ളിയാണ് അര പള്ളീ

യോഹന്നാന്‍റെ സുവിശേഷത്തിലാണ് തോമസിനെ പറ്റി ഏറെ പറയുന്നത്. യേശുവിന്‍റെ ശിഷ്യനാണ് തോമസ് എന്നതല്ലാതെ വിശദാംശങ്ങള്‍ എവിടെയും ലഭ്യമല്ല. ആശാരിയായിരുന്നു എന്നാണ് സൂചന.

 യേശു ജറുസലേമിലേക്ക് യാത്ര തിരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം മരിക്കാന്‍ തയാറായാണ് സെന്‍റ് തോമസ് കൂടെപ്പോയത്. പക്ഷെ, യേശുവിനെ കുരിശിലേറ്റിയപ്പോള്‍ തോമസ് അവിടെയുണ്ടായിരുന്നില്ല.

മൂന്നാം ദിവസം കര്‍ത്താവ് ഉയര്‍ത്തെഴുന്നേറ്റപ്പോഴും അദ്ദേഹം ഉണ്ടായിരുന്നില്ല. യേശു തിരിച്ചുവന്ന കാര്യം മറ്റു ശിഷ്യന്മാര്‍ പറഞ്ഞപ്പോള്‍ തോമസ് അത് വിശ്വസിച്ചില്ല. അവന്‍റെ കൈകളില്‍ ആണി തറച്ച പാടുകള്‍ കാണുകയും അതിലേക്ക് ഞാന്‍ വിരല്‍ കടത്തി നോക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല എന്നായിരുന്നു തോമസിന്‍റെ നിലപാട്.

യേശു ക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുകയും തന്‍റെ ശരീരത്തിലെ ആണിപ്പാടുകളില്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ തോമസ് ആശ്ചര്യപ്പെട്ട് നിന്നു. അവിശ്വാസിയാവാതെ വിശ്വാസിയാവുക എന്ന് കര്‍ത്താവ് അവനോട് കല്‍പ്പിച്ചു. ഈ ദിവ്യ വചനം പിന്നീട് സുവിശേഷ പ്രവര്‍ത്തനത്തിന്‍റെ ക്രൈസ്തവ മതപരിവര്‍ത്തനത്തിന്‍റെ ഏറ്റവും ശക്തമായ മുദ്രാവാക്യമായി മാറുകയായിരുന്നു.

യേശു പറഞ്ഞത് കേട്ടയുടന്‍ തോമസ് എന്‍റെ ദൈവമേ ഞാന്‍ അങ്ങയില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്ന് പറഞ്ഞതായി ഈ കഥ വിവരിക്കുന്ന യോഹന്നാന്‍റെ സുവിശേഷത്തില്‍ പറയുന്നു.

മറ്റൊരു തവണ കൂടി തോമസ് യേശുക്രിസ്തുവിനോട് അവിശ്വാസം കാട്ടി. പക്ഷെ, പിന്നീട് അദ്ദേഹം കര്‍ത്താവില്‍ വിശ്വസിച്ച് ക്രൈസ്തവ ദര്‍ശനം പ്രചരിപ്പിക്കുന്നതിനായി ഇറങ്ങിത്തിരിച്ചു. ഇന്ത്യയിലേക്ക് പോകണമെന്ന് യേശു ക്രിസ്തു ആവശ്യപ്പെട്ടപ്പോഴായിരുന്നു തോമസ് മടിച്ചത്. ഇന്ത്യയിലുള്ളവര്‍ പരുക്കരും കാട്ടുമൃഗങ്ങളെ പോലെ ഉള്ളവരും ദൈവവചനം കേള്‍ക്കാന്‍ മടിക്കുന്നവരും ആണെന്നായിരുന്നു തോമസിന്‍റെ നിലപാട്,.

നിന്‍റെ കൂടെ എപ്പോഴും ഞാനുണ്ടാവും. എന്‍റെ കൃപയില്‍ നിനക്കാശ്രയിക്കാം എന്ന് ധൈര്യം നല്‍കിയപ്പോഴാണ് അദ്ദേഹം യാത്ര പുറപ്പെട്ടത്. അദ്ദേഹത്തെ യഹൂദ കച്ചവടക്കാര്‍ അടിമയായി പിടിച്ചുകൊണ്ടുപോവുക ആയിരുന്നുവെന്നും ദൈവ കൃപയാല്‍ സ്വതന്ത്രനായ ശേഷമാണ് ക്രൈസ്തവ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്നും ഒരു വാദഗതിയുണ്ട്.

പലസ്തീന്‍, പേര്‍ഷ്യ, ചൈന തുടങ്ങിയ സ്ഥലങ്ങളിലും സെന്‍റ് തോമസ് മതപ്രചാരണം നടത്തിയിരുന്നു. മദ്രാസില്‍ മതപ്രവര്‍ത്തനം നടത്തിയ ശേഷമാണ് അദ്ദേഹം ചീനയിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് കുന്തം കൊണ്ടുള്ള കുത്തേറ്റ് മരിക്കുന്നത്.


സംശയാലുക്കളുടെ, അന്ധരുടെ, കല്‍പ്പണിക്കാരുടെ, ശില്‍പ്പികളുടെ, കെട്ടിട നിര്‍മ്മാതാക്കളുടെ, നിര്‍മ്മാണ ജോലിക്കാരുടെ, ജ്യോമിതീ വിദഗ്ദ്ധരുടെ എല്ലാം രക്ഷകനും മധ്യസ്ഥനുമാണ് സെന്‍റ് തോമസ്. 

No comments:

Post a Comment